ആശുപത്രിയിലെ അച്ചാച്ചൻ

തുടച്ചു മിനുക്കിയ ആ  വരാന്തയിൽ നിരത്തിയിട്ട കസേരകളിൽ പ്രായം ചെന്ന കുറെ മനുഷ്യർ ഇരുന്നു പഴയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കുന്നു . അവർക്കിടയിലിരുന്ന് കൂട്ടിനു വന്ന പുതിയ തലമുറ മൊബൈലിൽ കുത്തി ഇരിക്കുന്നു. മുന്നിലെ ചുമരിൽ ഇടയ്ക്കിടെ തെളിയുന്ന ടോക്കൺ നമ്പറിൽ ഉറ്റു നോക്കികൊണ്ട് ഞാൻ ആ വരിയിലെ അവസാനത്തെ കസേരയിൽ ഇരുന്നു . വല്യച്ചന് കൂട്ട് വന്നതാണ് . കുറച്ചു നാൾ ആയി വയറിൽ ഒരു ചെറിയ വേദനയുണ്ട് .മേലാകെ  ഒരു ചൊറിച്ചിലും. പിത്ത സഞ്ചിയിൽ കല്ലോ മറ്റോ ആകുമെന്ന് പറഞ്ഞു പരിശോധനക്കായി കൂട്ടി  കൊണ്ടു വന്നതാണ് വല്യച്ചനെ . സ്കാൻ ചെയ്തപ്പോൾ ദേ യൂറിറ്ററിൽ  ഒരു മുഴ . കാൻസർ ആണത്രേ . ഉള്ളിൽ ഇത്തിരി ഭയം ഉണ്ടായിരുന്നെങ്കിലും , ഓപ്പറേഷൻ ചെയ്ത് ആ മുഴ എടുത്തു കളഞ്ഞ കൂട്ടത്തിൽ ഭയവും ഓടിപ്പോയി . ഇപ്പൊ പിത്ത സഞ്ചി കൂടെ എടുത്തു കളയാൻ ഉള്ള തീയതി കുറിക്കാൻ ഡോക്ടറെ  വന്നതാണ് . ബുക്ക് ചെയ്ത സമയം കഴിഞ്ഞിട്ടിപ്പോ രണ്ടു  മണിക്കൂർ ആയി . മറ്റു രോഗികളോട് ക്യാന്സറിനെ നേരിട്ട കഥകൾ പറഞ്ഞു വല്യച്ഛൻ സമയം പോയതൊന്നും അറിഞ്ഞിട്ടില്ല . ഞാൻ ആണെങ്കിൽ ചായ കുടിക്കാൻ സ്ഥലം നോക്കി ചുറ്റിനും കണ്ണോടിച്ചു കൊണ്ടിരുന്നു . ഒരു അപ്പൂപ്പൻ ഒക്കത്തൊരു ഫയലുമായി മെല്ലെ നടന്നു  എന്റെ അടുത്തുള്ള ചുമരിൽ ചാരി നിന്ന് കിതച്ചു . ഞാൻ എഴുന്നേറ്റു കസേരയിൽ ഇരിക്കുവാൻ അദ്ദേഹത്തോട് പറഞ്ഞു . കുറച്ചു വെള്ളം എടുത്തു കൊടുത്തു . അത് കുടിച്ചു ഗ്ലാസ് തിരികെ തരുമ്പോൾ അപ്പൂപ്പൻ എന്റെ പേര് ചോദിച്ചു . ഞാൻ ഒരു ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ആ മുഖത്തു ഒരു ചിരി വിടർന്നു . പിന്നെ ഞങ്ങൾ വീടിനെകുറിച്ചും ജോലിയെക്കുറിച്ചും ഒക്കെ പരസ്പരം സംസാരിച്ചു .  അപ്പൂപ്പനും വയറിൽ വേദന ആയിരുന്നു . തുടങ്ങിയിട്ട് ഒരുപാട് നാൾ ആയി . രണ്ടു പെണ്മക്കളെ കെട്ടിച്ചയക്കാനും ആടിനേം പശുവിനേം തീറ്റ കൊടുത്തു വളർത്താനും ആസ്ത്മ രോഗിയായ ഭാര്യക്ക് ചികിത്സക്കും ഒക്കെയായി ഓടി നടന്നു ആ വേദനയെ അയാൾ മറന്നു പോയിരുന്നു .  പിന്നെ ഒരുനാൾ ഒന്ന് ശർദ്ധിച്ചു . അടുത്ത ദിവസം വീണ്ടും ശർദ്ധിച്ചു . അതിൽ ഇത്തിരി രക്തം കണ്ടപ്പോൾ ചെറിയ ഭയം . ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസ് ആണെന്ന് പറഞ്ഞു . മരുന്ന് കഴിച്ചു . ശര്ധി മാറിയില്ല . വയറിലെ വേദന അസഹ്യമായി തുടങ്ങ്യപ്പോൾ ആശുപത്രിയിൽ വന്നു .  കുഴലിറക്കി പരിശോധിക്കണമെന്നു  പറഞ്ഞിട്ടുണ്ട് . ഇതൊക്കെ പറയുമ്പോളും  കയ്യിലുള്ള ഫയൽ വയറിൽ അമർത്തിപിടിച്ച എന്റെ മുഖത്തു നോക്കി അദ്ദേഹം ചിരിച്ചുകൊണ്ടിരുന്നു .  

അപ്പൂപ്പൻ മദ്യപിക്കാറുണ്ടോ ? എന്തോ , ആദ്യം വായിൽ വന്ന ചോദ്യം അതായിരുന്നു . ഇല്ല എന്ന് മറുപടി .  
കുഴലിറക്കി നോക്കുന്നത് എന്തിനാ മോളെ ? ഇത് പുണ്ണിന്റെ ആകുമെന്ന  ഡോക്ടര് പറഞ്ഞെ . മോൾ ഈ കടലാസ് ഒക്കെ ഒന്ന് നോക്കിട്ടു എന്താ എഴുതിയിരിക്കുന്നെ എന്നൊന്ന് പറഞ്ഞു തരുവോ? 

ഞാൻ ആ ഫയൽ തുറന്നു നോക്കികൊണ്ട് സംസാരം തുടർന്നു  :  സ്കോപ്പി ചെയ്താൽ ഉള്ളിൽ എന്താ ഉള്ളതെന്ന് ഡോക്ടർക്ക് കാണാലോ ..വേണ്ടി വന്നാൽ സാമ്പിൾ എടുത്തു പരിശോധിക്കുകയും ചെയ്യാം . അച്ചാച്ചൻ  സമയത്തിന് ഭക്ഷണം കഴിക്കാറില്ലേ ? നേരത്തിനു കഴിച്ചില്ലേൽ വയറിൽ ഗ്യാസ് നിറഞ്ഞു വരും കേട്ടോ. അത് പിന്നെ അൾസർ ഒക്കെ ആകും . അപ്പൊ ഇതുപോലെ വേദനയൊക്കെ ഉണ്ടാകും.പേടിക്കണ്ട ട്ടോ ..മരുന്ന് കഴിച്ചാൽ മാറും . പിന്നെ ഡോക്ടർ പറഞ്ഞു തരുന്ന കാര്യങ്ങളൊക്കെ ഇനി അങ്ങോട്ട് ശ്രദ്ധിച്ചാൽ  മതി .

അതിനു അപ്പൂപ്പൻ പറഞ്ഞ മറുപടിയിൽ എന്റെ വായിലെ ചോദ്യങ്ങളെല്ലാം അലിഞ്ഞു പോയി 
മോളെ, ഇപ്പൊ ഞാൻ സമയത്തിന് കഴിക്കാറുണ്ട്. പക്ഷെ ആയ കാലത്തു കുടുംബത്തിന് വേണ്ടി ഓടി നടന്നപ്പോ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട് . കള്ളു കുടിച്ചിട്ടില്ല  ഇന്ന് വരെ . പക്ഷെ പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ചിട്ടുണ്ട് . 

വിശപ്പിനെ തോൽപിക്കാൻ തോർത്ത് കെട്ടി മുറുക്കിയ ആ  വയറിൽ ചെറിയൊരു മുഴ വളരുന്നുണ്ടെന്ന്  എനിക്കപ്പോൾ പറയാൻ തോന്നിയില്ല . ഒരായുഷ്കാലം മുഴുവൻ പരീക്ഷണങ്ങൾ നേരിട്ട ആ മനുഷ്യന് ചിലപ്പോൾ ഇതും നിസ്സാരമായി തോൽപിക്കാൻ ആകും . എന്നാലും ആ മുഖത്തെ ചിരി മായ്ക്കുവാൻ എന്തോ എനിക്കപ്പോൾ തോന്നിയില്ല . 


Comments

Popular posts from this blog

ആത്മാവിന്റെ നൊമ്പരങ്ങള്‍