വരള്‍ച്ച ...

പച്ചയണിഞ്ഞ പാടങ്ങളില്‍
 തെളിനീരില്ല  - വരണ്ടുണങ്ങുന്ന
 ഭൂമിയെ ഓര്‍ത്തു പൊഴിക്കുവാന്‍
കണ്ണുനീരില്ല . . .


കാഴ്ചകള്‍ക്ക് കുളിരില്ല, നനുത്ത 
കാറ്റിന്‍റെ മര്‍മരം കേള്‍പ്പതില്ല.
 ഇഴയും കാട്ടാറിനു  കളനിസ്വനങ്ങളില്ല  
തരുക്കളില്ലോരങ്ങളില്‍...

സൂര്യനെ സ്നേഹിച്ച താമര മൊട്ടു 
വിടരാതെ വാടി വീണിട്ടും
സൂര്യ താപം ശമിപ്പതില്ല...

ഒരു മഴ തുള്ളിക്കായ് കേഴുന്ന
വേഴാമ്പലിന്‍ കണ്ടമിടരുന്നു
ദാഹിച്ചു തൊണ്ട വരളുന്നു..

വളരുവാന്‍ വയ്യാതെ വിത്തുകള്‍ 
മണ്ണിനോട് വിട ചൊല്ലുന്നു. 


പറവകള്‍ ഉപേക്ഷിച്ച പാടത്ത്,
ഉറവകള്‍ വറ്റിയ വരമ്പത്ത്, 
കരയുവാന്‍ പോലും ആവാതെയൊരു 
കര്‍ഷകന്‍ കാവലിരിക്കുന്നു...


അമ്മയാം ഭൂമിക്കു മാറില്‍
മാതൃത്വത്തിന്‍റെ വരള്‍ച്ച  
മനസ്സില്‍ പെയ്യാന്‍ മടിക്കുന്ന  നന്മയുടെ വാനം...

നിണമണിഞ്ഞ നീലകുഴലുകളില്‍,  
സ്നേഹത്തുടിപ്പിന്‍റെ വരള്‍ച്ച. 
നിറമണിഞ്ഞ സായന്തനങ്ങളില്‍, 
കുളിരോര്‍മകള്‍ക്ക് വരള്‍ച്ച.

ഞാന്‍  എന്തെന്ന  തിരിച്ചറിവില്‍,
എന്‍റെ നഷ്ട സ്വപ്നങ്ങളുടെ കണക്കെടുപ്പില്‍, 
കയ്യിലേന്തിയ തൂലികയ്ക്ക് പകരാന്‍, 
ആശയങ്ങളില്ല - എന്‍ മനസ്സിലും വരള്‍ച്ചയോ?


വറ്റി വരളുമീ തെളി നീരുറവയില്‍, 
ഒരിറ്റു ജലമവശേഷിപ്പതുന്ടെങ്കില്‍,
 എന്‍റെ ദാഹം ശമിപ്പിക്കുവാന്‍, 
ഒരു ജലകണം ബാക്കി വച്ചെങ്കില്‍...  




Comments

Popular posts from this blog

ആശുപത്രിയിലെ അച്ചാച്ചൻ

ആത്മാവിന്റെ നൊമ്പരങ്ങള്‍